സാന്ത്വനപരിചരണ രംഗത്തെ കണ്ണൂര്‍ മാതൃക
സാന്ത്വന പരിചരണ രംഗത്ത് കണ്ണൂര്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്ന സന്നദ്ധസംഘടനയായ ഐആര്‍പിസി നാലാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഇതിനകം ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തി വിജയം കൈവരിച്ച അനുഭവങ്ങളുമായാണ് മുന്നോട്ട് വരുന്നത്.ഗൃഹകേന്ദ്രീകൃത പരിചരണം മുഖ്യലക്ഷ്യമായിട്ടാണ് സംഘടന പ്രവര്‍ത്തിച്ച് വരുന്നത്.മറ്റ് വിവിധങ്ങളായ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നടത്തുന്നു.പ്രയാസമനയുഭവിക്കുന്ന ഏതൊരാളിനും എപ്പോഴും ആശ്രയിക്കാവുന്ന തരത്തില്‍ സംഘടനയ്ക്ക് മാറാന്‍ കഴിഞ്ഞത് നാനാവിഭാഗത്തിലുള്ള ജനങ്ങളുടെ പിന്തുണയും സഹായവും കൊണ്ട് മാത്രമാണ്.

ഒട്ടനവധി ശാരീരിക പ്രശ്നങ്ങളും പ്രയാസങ്ങളും അനുഭവിക്കുമ്പോഴും സാന്ത്വനപരിചരണ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അവയൊക്കെ മറികടക്കാന്‍ കഴിയുന്നുണ്ട്.സ:പി കൃഷ്ണപിള്ള സ്വാതന്ത്ര്യത്തിന് മുന്‍പ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വായിച്ചപ്പോള്‍ കൂടുതല്‍ ആവേശമാണ് ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചത്. നിരവധിയായ മനുഷ്യര്‍ പ്രയാസങ്ങള്‍ നേരിട്ട് ജീവിക്കുന്നുണ്ട്.അവരെ പോലുള്ളവരെ സ്വന്തം ആവശ്യങ്ങള്‍ മാറ്റി വെച്ച് സഹായിക്കുക എന്നത് തന്നെയാണ് ഏറ്റവും വലിയ പുണ്യപ്രവൃത്തി എന്നത് നിസ്തര്‍ക്കം പറയാന്‍ കഴിയും.ജില്ലയിലെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി 2500 ഓളം വളണ്ടിയര്‍മാര്‍ ഐ ആര്‍ പി സിക്ക് ഉണ്ട്.അതോടൊപ്പം കിടത്തി ചികില്‍സ ഉള്‍പ്പടെ നല്‍കാന്‍ ആധുനിക സൗകര്യത്തോട് കൂടിയുള്ള ഒരു സാന്ത്വന കേന്ദ്രം തയ്യിലില്‍ പ്രവര്‍ത്തിച്ച് വരുന്നു. ഇതിന്‍റെയെല്ലാം പ്രവര്‍ത്തനത്തിന് ആവശ്യമായി വരുന്ന സാമ്പത്തിക സഹായം ലഭ്യമാകുന്ന തും വേറിട്ട അനുഭവമാണ്.
കേരളത്തിന്‍റെ ആരോഗ്യമന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചര്‍ മാതാവിന്‍റെ മരണ ശേഷം അവര്‍ ധരിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ ആര്‍ പി സിയുടെ പ്രവര്‍ത്തനത്തിന് വേണ്ടി നല്‍കുകയാണ് ചെയ്തത്.അത് ഏറ്റുവാങ്ങിയത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ മറക്കാന്‍ പറ്റാത്ത അനുഭവമായിരുന്നു.സ:എം വി ജയരാജന്‍ അദ്ദേഹത്തിന്‍റെ ഒരു മാസത്തെ പെന്‍ഷന്‍ തുക സംഭാവനയായി നല്‍കുകുണ്ടായി.കടന്നപ്പള്ളിയിലെ പി കെ കൃഷ്ണന്‍റെ മകളുടെ വിവാഹ വേദിയില്‍ നിന്ന് കയ്യിലെ വള ഊരി "ഇതെന്‍റെ സഹായമായി ഐആര്‍പി സിക്ക് നല്‍കുന്നു" എന്ന് പറഞ്ഞ് തന്നതും മറക്കാന്‍ പറ്റാത്ത ഒരേടാണ്. ഇങ്ങനെ എത്രയെത്ര അനുഭവങ്ങള്‍ !
റിട്ടയര്‍മെന്‍റ് സമയത്ത് ലഭിച്ച സ്വര്‍ണ്ണനാണയം നാറാത്തെ പി പവിത്രന്‍ സംഭാവനയായി നല്‍കിയിരുന്നു.എസ്എസ്എല്‍സി പരീക്ഷയ്ക്ക് മുഴവന്‍ വിഷയങ്ങളിലും എപ്ലസ് ലഭിച്ചപ്പോള്‍ കിട്ടിയ അവാര്‍ഡ് തുക നല്‍കിയ ചുഴലിയിലെ അഹല്യയും അവാര്‍ഡ് തുക സംഭാവനയായി നല്‍കിയ പള്ളിയറ ശ്രീധരനും, നാരായണന്‍ കാവുമ്പായിയും ജിഡി നായരും എന്ന് വേണ്ട സമസ്ത മേഖലയിലേയും ആബാലവൃദ്ധം ജനങ്ങളും ഒറ്റമനസാലെ സാന്ത്വനപരിചരണത്തിന് സഹായവുമായി വരുന്നതാണ് ഈ സംഘടനയുടെ കരുത്ത്.മരണാനന്തര ചടങ്ങ്,വിവാഗം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളില്‍ സാമ്പത്തിക സഹായം നല്‍കുന്ന ഒട്ടനവധി സുമന സുകള്‍ ദിനം പ്രതി സഹായിച്ച് കൊണ്ടിരിക്കുന്നു.
എഴുതിയാല്‍ തീരാത്ത ഇത്തരം അനുഭവങ്ങള്‍ ഒട്ടനവധിയുണ്ട്.ഇതില്‍ വേറിട്ട ഒരനുഭവം ചുഴലി ശ്രീകൃഷ്ണ ക്ഷേത്രം ഉല്‍സവാഘോഷ കമ്മറ്റി ഐ ആര്‍ പി സിക്ക് സംഭാവന നല്‍കിയതാണ്. ക്ഷേത്രോത്സവങ്ങളുടെ ഭാഗമായി നിരവധി ക്ഷേത്രകമ്മറ്റികള്‍ ഐആര്‍പിസിക്ക് സംഭാവന നല്‍കാന്‍ മുന്നോട്ട് വരുന്നുണ്ട്.
ഉല്‍സവാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്കും തീര്‍ത്ഥാടകര്‍ക്കുമായി ആരോഗ്യ പരിപാലന കേന്ദ്രം,ഹെല്‍പ് ഡസ്ക് എന്നിവ കൊട്ടിയൂര്‍ വൈശാഖ മഹോല്‍സവത്തിന്‍റെ ഭാഗമായാണ് ആരംഭിച്ചത്.ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യതയെ തുടര്‍ന്നാണ് ശബരിമല തീര്‍ഥാടകര്‍ക്കായി ദേശീയപാതയില്‍ ബക്കളം നെല്ലിയോട്ട് ക്ഷേത്രപരിസരത്ത് ആരോഗ്യപരിപാലന കേന്ദ്രം ആരംഭിച്ചത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള ആരോഗ്യപരിപാലന കേന്ദ്രം ഇവിടെ പ്രവര്‍ത്തിക്കുന്നത്. എട്ടായിര ത്തോളം ഭക്തജനങ്ങളാണ് 60 ദിവസം നീണ്ട് നിന്ന ക്യാമ്പില്‍ എത്തിച്ചേര്‍ന്നത്. വിപുലമായി ക്യാമ്പ് നടത്താന്‍ കഴിഞ്ഞത് ജനങ്ങളില്‍ നിന്ന് ലഭിച്ച പിന്തുണയുടെ ഭാഗമായാണ്.ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ബഹുജനങ്ങളുടെ സഹായം നല്ല നിലയില്‍ ലഭിക്കുന്നുണ്ട്.
ആദിവാസി മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനും കൊഴിഞ്ഞ് പോക്ക് തടയാനും ആറളം ഫാമിലെ അഞ്ച് കേന്ദ്രങ്ങളിലായി ആരംഭിച്ച "ഉണര്‍വ്" പദ്ധതികൊണ്ട് കഴിഞ്ഞു.പോഷകാഹാരമുള്‍പ്പടെ നല്‍കിയാണ് ഈ പദ്ധതി നടപ്പിലാക്കു ന്നത്.നിലവില്‍ 185 ഓളം വിദ്യാര്‍ത്ഥികള്‍ പരിപാടിയുടെ ഭാഗമായി ക്ലാസ്സില്‍ വരുന്നുണ്ട്.
സമൂഹത്തിനെ ബാധിക്കുന്ന ലഹരിയുടെ ഉപയോഗം ഇല്ലാതാക്കാന്‍ വേണ്ടിയുള്ള ക്യാമ്പയിന് ഐആര്‍പിസി തുടക്കം കുറിക്കുകയുണ്ടായി.1 ലക്ഷം ലഘുലേഖകള്‍ വീടുകളില്‍ എത്തിക്കുകയും പ്രാദേശികമായി ബോധവല്‍ക്കരണ പ്രവര്‍ത്തനം നടത്തുകയും ചെയ്തിരുന്നു. ഇതിന്‍റെ ഭാഗമായി കണ്ണൂരില്‍ ഒരു ഡി. അഡിക്ഷന്‍ സെന്‍റര്‍ ആരംഭിക്കാന്‍ തീരുമാനിച്ച് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് നീക്കുകയാണ്. വേനലവധിക്കാ ലത്ത് ജില്ലയിലെ 207 ലോക്കല്‍ കേന്ദ്രങ്ങളിലും ബോധവല്‍ക്കര ക്ലാസ്സുകള്‍ സംഘടിപ്പി ക്കും.
തയ്യിലില്‍ സ്ഥിതി ചെയ്യുന്ന സാന്ത്വന കേന്ദ്രത്തില്‍ 50 പേരെ കിടത്തി ചികിത്സിക്കാവുന്ന പുതിയൊരു ബ്ലോക്ക് കൂടി പ്രവര്‍ത്തനം ആരംഭിച്ചു.കേരള മുഖ്യമന്ത്രി ശ്രീ:പിണറായി വിജയനണ് വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ ഇതിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്.. പ്രാദേശികമായും സോണല്‍ കേന്ദ്രീകരിച്ചും സ്വാന്തന കേന്ദ്രം ആരംഭിക്കാന്‍ ലക്ഷ്യമിട്ടിട്ടുണ്ട്. ബക്കളത്ത് സ്ഥിരമായി ഹെല്‍പ്പ് ഡെസ്ക് കേന്ദ്രം പ്രവര്‍ത്തിച്ചുവരികയാണ്.
ക്യാന്‍സര്‍ ബാധിച്ചവരുടെ തുടര്‍ചികിത്സ നല്‍കുന്നതിനും വിവിധ സഹായങ്ങള്‍ ലഭ്യമാ ക്കാനും വേണ്ടി ക്യാന്‍സര്‍ ഫോളോ അപ്പ് ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. 1100 പേരാണ് കഴിഞ്ഞ വര്‍ഷം ക്യാമ്പില്‍ നേരിട്ട് എത്തിയത് എന്നത് രോഗത്തിന്‍റെ തീവ്രത എത്രത്തോളം ഉണ്ടെന്ന് കഴിയും.
ഒരു കാലത്ത് നാടിനും കുടുംബത്തിനും വേണ്ടി സ്വന്തം ജീവിതം ഒഴിഞ്ഞ് വെച്ച വയോജന ങ്ങളെ ആദരിക്കാനും പ്രത്യേക മെഡിക്കല്‍ ക്യാമ്പ് നടത്തിയപ്പോള്‍ ജില്ലയിലാകെ 75 വയസ്സിനു മുകളില്‍ലുള്ള 113775 പേരാണ് ക്യാമ്പില്‍ എത്തിയത്. പരാപ്ലീഗിയ ബാധിച്ചവര്‍ക്കും മറ്റ് ശാരീരിക പ്രയാസമുള്ളവര്‍ക്കും വേണ്ടി തൊഴില്‍ പരിശീലനം നല്‍കി ഐ.ആര്‍.പി.സി കനിവ് എന്ന പേരില്‍ ഒരു കേന്ദ്രം ബക്കളത്ത് പ്രവര്‍ത്തിച്ചുവരികയാണ്. 100 ലധികം പേരാണ് ക്യമ്പില്‍ എത്തിയത്
2016 ല്‍ മിലിട്ടറി റിക്രൂട്ട്മെന്‍റ് റാലി കണ്ണൂരില്‍ നടന്നപ്പോള്‍ അവിടെയും സഹായ ഹസ്തവുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്ക് സംവിധാനം ഉണ്ടായിരുന്നു. മറ്റ് ജില്ലയില്‍ നിന്നുള്‍പ്പെടെ വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുഗ്രഹമായി ഈ സഹായ കേന്ദ്രം മാറി.
സംസ്ഥാന സ്കൂള്‍ യുവജനോത്സവം കണ്ണൂരില്‍ നടന്നപ്പോള്‍ ഐആര്‍പിസി ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് നടത്തിയത്.മത്സരാര്‍ത്ഥികളെ സ്വാഗതം ചെയ്തുകൊണ്ട് പതിനായിരം ദീപം തെളിയിച്ചത് വന്‍ വാര്‍ത്താ പ്രാധാന്യം നേടി.മുഴുവന്‍ വേദികളിലും കുടിവെള്ളം ,പ്രധാന വേദിയില്‍ മെഡിക്കല്‍ ഹെല്‍പ്പ് ഡസ്ക്, ആംബുലന്‍സ്, ഭക്ഷണം എന്നീ സേവനങ്ങള്‍ ആദ്യാവസാനം നല്‍കാന്‍ സംഘടനയ്ക്കായി. ജനങ്ങളുടെയാകെ അംഗീകാരം നേടാന്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്കായി.
ഭിന്നശേഷിയുള്ളവര്‍ക്ക് വേണ്ടിയുള്ള മെഡിക്കല്‍ ബോര്‍ഡ് ക്യാമ്പും ഉപകരണ വിതരണ ക്യാമ്പിനും ആവശ്യമായ ഭക്ഷണം ഉള്‍പ്പെടെ നല്‍കിക്കൊണ്ടാണ് ഐ.ആര്‍.പി.സി സഹായിച്ചത്. ജില്ലാ ആശുപത്രികളിലും ഹെല്‍പ്പ് ഡെസ്ക്ക് രൂപീകരിച്ച് രോഗികള്‍ക്ക് സഹായം നല്‍കുന്നതിനുള്ള ഐ.ആര്‍.പി.സി. ടീം പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം വേണ്ട മനുഷ്യ വിഭവ ശേഷിയും സാമ്പത്തീക സഹായവും നല്‍കാന്‍ മനസ്സുള്ള ഒട്ടനവധിപേര്‍ നമ്മുടെ നാട്ടിലുണ്ട്. അവരുടെയെല്ലാം സഹായത്താലും പിന്തുണയാലുമാണ് ഐ.ആര്‍.പി.സി മുന്നോട്ട് പോകുന്നത്. ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ ഇനിയും ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. നടത്തിയ പ്രവര്‍ത്തനങ്ങളുടെ അനുഭവത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എല്ലാവരുടെയും സഹായ സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
പി ജയരാജന്‍
ഐ ആര്‍ പി സി
ഉപദേശകസമിതി ചെയര്‍മാന്‍